രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. ഇന്ന് രാവിലെ 9.10 ന് രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിലാണ് ശബരിമലയിലേക്ക് പോകുക. പമ്പയില്‍ നിന്ന് പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക.
രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ദില്ലിക്ക് മടങ്ങുക. അതേസമയം, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് രാഷ്ട്രപതിയുടെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക. നേരത്തെ നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക.