ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കായിക സംഘടനകളിൽ കൂടുതൽ നിയന്ത്രണം വരുത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ദേശീയ കായിക ബിൽ 2025ന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതോടെ ബിൽ നിയമമായി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെയാണ് ആഗസ്റ്റ് 11ന് ലോക്സഭയിലും 12ന് രാജ്യസഭയിലും ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.
എല്ലാ കായിക ഫെഡറേഷനുകളെയും മേൽനോട്ടം വഹിക്കുന്ന ഒരു ദേശീയ കായിക ബോർഡ് (എൻ.എസ്.ബി) രൂപവത്കരിക്കാൻ നിയമം അനുശാസിക്കുന്നു. സർക്കാറിൽനിന്ന് ഗ്രാന്റുകളോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുന്ന കായിക ബോർഡുകളെ വിവരാവകാശ നിയമപരിധിയിൽ കൊണ്ടുവന്നിട്ടുമുണ്ട്.