
കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാം (41) ആണ് തിങ്കളാഴ്ച രാവിലെ സൗത്ത് കളമശ്ശേരി മേൽപാലത്തിന് സമീപം നടന്ന അപകടത്തിൽ മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
അമിത വേഗതയിലെത്തിയ ബസ്, മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ തട്ടിയതും, യാത്രക്കാരൻ ബസിനടിയിലേക്ക് മറിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പരിക്കേറ്റ സലാമിനെ ഉടൻ കളമശ്ശേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇൻസ്റ്റാമാർട്ടിന്റെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനുള്ള യാത്രയിലായിരുന്നു ബൈക്ക് യാത്രികൻ.
അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.