ന്യൂഡൽഹി: സംസ്ഥാനത്ത് സ്കൂൾവിദ്യാഭ്യാസത്തിനൊപ്പം സ്വകാര്യ കോച്ചിങ് കേരളത്തിൽ വ്യാപകമെന്ന് കേന്ദ്രസർവേ. സംസ്ഥാനത്ത് പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറിതലംവരെ 27.5 ശതമാനം വിദ്യാർഥികൾ ട്യൂഷന് പോകുന്നുണ്ട്. പത്താം ക്ലാസ് വിദ്യാർഥികളിൽ പകുതിയിലേറെപ്പേരും ട്യൂഷന് പോകുന്നുവെന്നാണ് കണ്ടെത്തൽ.
ഹയർസെക്കൻഡറിയിൽ 41.6 ശതമാനം വിദ്യാർഥികൾക്കും ട്യൂഷനുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ സമഗ്രവിദ്യാഭ്യാസ സർവേയിലേതാണ് കണക്കുകൾ.
പൊതുപരീക്ഷയെഴുതേണ്ട സെക്കൻഡറിതലത്തിലേക്കെത്തുമ്പോൾ ട്യൂഷന് പോകുന്നവരുടെ എണ്ണം കൂടുന്നതായി സർവേ പറയുന്നു. മിഡിൽ (6-8) ക്ലാസുകളിലുള്ളവരിൽ 27.5 ശതമാനം പേർക്ക് മാത്രമാണ് ട്യൂഷൻ. എന്നാൽ, അതിന്റെ ഇരട്ടി (54.2 ശതമാനം) വിദ്യാർഥികൾക്ക് സെക്കൻഡറിയിൽ ട്യൂഷനുണ്ട്. ഇവരിൽ ഗ്രാമീണവിദ്യാർഥികളെക്കാൾ (50.3) നഗരമേഖലയിലെ വിദ്യാർഥികളാണ് (57.6) കോച്ചിങ്ങിന് പോകുന്നതിലേറെയും.
ഹയർസെക്കൻഡറിയിൽ നഗരമേഖലയെക്കാൾ (38.1) കൂടുതൽ വിദ്യാർഥികൾ ഗ്രാമീണമേഖലയിൽ (45.5) കോച്ചിങ് സ്വീകരിക്കുന്നു. ഒന്നാം ക്ലാസിന് മുമ്പുള്ള പ്രീപ്രൈമറിതലത്തിൽ കേരളത്തിലെ 3.7 ശതമാനം കുട്ടികൾ സ്വകാര്യ ട്യൂഷൻ നേടുന്നതായും റിപ്പോർട്ടിലുണ്ട്.