ലോകമെമ്പാടും ആരാധകരുള്ള താരജോഡിയാണ് ബോളിവുഡിൻറെ താര സുന്ദരിയായ പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനായ നിക്കോളാസ് ജെറി ജോനാസും. ഇരുവരുടേയും വിവാഹം സാമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും വിവാഹിതരായ ഇരുവരും രണ്ട് നാഷനാലിറ്റിയുടെയും ആഘോഷങ്ങളിൽ പങ്കുചേരാറുണ്ട്. ഇപ്പോഴിതാ, ന്യൂയോർക്കിൽ വെച്ചു നടന്ന ദീപാവലി അനുബന്ധ ആഘോഷത്തിൽ പങ്കെടുത്ത ഇതുവരുടെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കർവാ ചൗത്ത് ആഘോഷിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഒക്ടോബർ 11ന് ന്യൂയോർക്കിൽ പ്രിയങ്കയുടെ മാനേജറായ അഞ്ജുല ആചാരിയ നടത്തിയ ദീപാവലിക്ക് മുമ്പുള്ള ആഘോഷത്തിനായാണ് ദമ്പതികൾ എത്തിയത്. ഇന്ത്യൻ വെയറിൽ ഓഫ് വൈറ്റ് തീമിലായിരുന്നു ഇരുവരുടേയും വസ്ത്രധാരണം. സുഹൈർ മുറാദ് രൂപകൽപ്പന ചെയ്ത അവരുടെ ലുക്ക് വെറുമൊരു ഫെസ്റ്റീവ് ലുക്ക് മാത്രമായിരുന്നില്ല. ഇന്ത്യൻ അഭിരുചിയുടെതന്നെ ഒരു മിശ്രിതമായിരുന്നു അത്. ഒരു ഇന്ത്യ-വെസ്റ്റേൺ മിക്സിൽ തീർത്ത വസ്ത്രത്തിന് മിനിമൽ ആഭരണങ്ങളാണ് താരം ധരിച്ചിരുന്നത്.
ദീപാവലി ആഘോഷത്തിൽ നടന്മാരായ ആസിഫ് മാണ്ഡ്വി, ഗുരീന്ദർ ഛദ്ദ, കൽ പെൻ, സംഗീതജ്ഞരായ ജയ് ഷോൺ, ജെസ്സൽ താൻക് എന്നിവരുൾപ്പെടെ നിരവധി അതിഥികൾ പങ്കെടുത്തു. പ്രബാൽ ഗുരുങ്, ഫാൽഗുനി പീക്കോക്ക് തുടങ്ങിയ ഡിസൈനർമാരും റോബർട്ട് കിൻക്ൽ, അഞ്ജലി സുഡ്, ബിംഗ് ചെൻ തുടങ്ങിയ ബിസിനസ് പ്രമുഖരും ആഘോഷത്തിൻറെ ഭാഗമായി.
'പഴയ സുഹൃത്തുക്കളെയും പുതിയ സുഹൃത്തുക്കളെയും ഒന്നിച്ചു കാണുന്നത് എപ്പോഴും വളരെ സന്തേഷകരമാണ്. എന്നാൽ ദക്ഷിണേഷ്യൻ സമൂഹവും നമ്മുടെ ആളുകളും അതിമനോഹരമായ ദീപാവലി വസ്ത്രങ്ങൾ ധരിച്ച് തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്നത് കാണുന്നത് വളരെ വൈകാരികമായിരുന്നു. പ്രത്യേകിച്ചും ലോകം ഇത്രയധികം കാര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ. ഈ ദീപാവലി സീസണിൽ എല്ലാവർക്കും സ്നേഹവും, സമാധാനവും, സമൃദ്ധിയും നേരുന്നു' -പ്രിയങ്ക തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.