
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) പ്രൊബേഷനറി ഓഫീസർ തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ആകെ 541 ഒഴിവുകളാണുള്ളത്. അപേക്ഷകൾ ജൂലൈ 14 വരെ സ്വീകരിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. മെഡിക്കൽ/ എഞ്ചിനീയറിങ്/ ചാർട്ടേഡ്/ കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. 21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഏപ്രിൽ 01, 2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,480 രൂപമുതൽ 85,920 രൂപവരെ ശമ്പളം ലഭിക്കും. പ്രിലിമിനറി പരീക്ഷ ജൂലൈ/ ആഗസ്റ്റ് മാസങ്ങളിലായി നടക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്ന് 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാവും. മെയിൻ പരീക്ഷ സെപ്റ്റംബറിൽ നടക്കും. ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലാണ് മെയിൻ പരീക്ഷ നടക്കുക.
എഴുത്ത് പരീക്ഷക്ക് ശേഷം സൈക്കോമെട്രിക് ടെസ്റ്റും, ഗ്രൂപ്പ് എക്സർസൈസും, അഭിമുഖവും നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ പ്രൊബേഷണറി കാലയളവുണ്ട്. പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ജനറൽ വിഭാഗക്കാർക്ക് 4 തവണയും, ഒബിസി-ഭിന്നശേഷിക്കാർക്ക് 7 തവണയും മാത്രമേ പരീക്ഷ എഴുതാനാവൂ. പട്ടിക വിഭാഗക്കാർക്ക് പരിധിയില്ല. വെബ്സൈറ്റ്: www.bank.sbi/careers, www.sbi.co.in/careers.
പരീക്ഷ കേന്ദ്രങ്ങൾ
പ്രിലിംസ്: ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം.
മെയിൻസ്: കൊച്ചി, തിരുവനന്തപുരം, തൃശൂർ