ഈ ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? പ്രോട്ടീന്‍ അഭാവമായിരിക്കണം

03:25 PM Oct 16, 2025 | Kavya Ramachandran

ശരീരത്തില്‍ ഏറ്റവും അത്യാവശ്യമായ മൂന്ന് മാക്രോ ന്യൂട്രിയന്റുകളില്‍ ഒന്നാണ് പ്രോട്ടീന്‍. ശരീരകലകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനും നഖം, മുടി, അസ്ഥികള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യകരമായ നിലനില്‍പ്പിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ദഹനം മെറ്റബോളിസം എന്നിവക്കും പ്രോട്ടീന്‍ അത്യാവശ്യമാണ്. എന്നാല്‍ നമ്മളില്‍ പലരും ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. പ്രോട്ടീന്‍ കുറവ് പരിഹരിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തില്‍ പ്രോട്ടീന്‍ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് ഏറെ പ്രധാനമാണ്.
പ്രോട്ടീന്‍ അഭാവത്തിന്റെ തീവ്രതയനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടും. പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാലുകളിലും ഉദരത്തിലും കാണുന്ന നീര്‍വീക്കം പ്രധാന ലക്ഷണമാണ്. ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ വരെ പ്രയാസം സൃഷ്ടിക്കുന്ന മസില്‍ മാസ് നഷ്ടപ്പെടുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം. നേരിയ അളവില്‍ പ്രോട്ടീന്റെ അഭാവം ഉണ്ടാകുമ്പോള്‍ തന്നെ പേശീബലം നഷ്ടമാകും.

പ്രോട്ടീന്റെ ആഭാവം മൂലം ആവശ്യമായ ആന്റിബോഡി ഇല്ലാതെ വന്ന് രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് മറ്റൊരവസ്ഥ. മുടി കൊഴിയുക, നഖങ്ങള്‍ വിണ്ടുകീറുക, ചര്‍മ വരളുക എന്നിവയെല്ലാം പ്രോട്ടീന്‍ ഡെഫിഷ്യന്‍സിയുടെ പ്രധാന ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് മധുരത്തോടുള്ള ആസ്‌കതി വര്‍ധിപ്പാക്കാന്‍ ഇടയാവുന്നതും പ്രോട്ടീന്‍ അഭാവം മൂലമാണ്. ശരീരത്തില്‍ മുറിവേറ്റാല്‍ ഉണങ്ങാന്‍ കാലതാമസം എടുക്കുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. കുട്ടികളില്‍ പ്രോട്ടീന്‍ അഭാവം കാരണം വളര്‍ച്ചാ മുരട്ടിപ്പ് ഉണ്ടാവും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കുക എന്നത് തന്നെയാണ് പ്രധാന പ്രതിവിധി. ഇതിനായി മത്സ്യം, പാല്‍ ഉത്പന്നങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, നട്‌സ്, സീഡ്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്റെ അഭാവം ഉള്ളതായി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഭക്ഷണത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.