+

തിരുവല്ല കാവുംഭാഗം ജംഗ്ഷനിലെ തണൽ മരങ്ങൾ മുറിച്ച് നീക്കാൻ പൊതുമരാമത്തിന്റെ ശ്രമം ; പ്രതിഷേധം ഉയരുന്നു

കാവുംഭാഗം ജംഗ്ഷനിലെ തണൽ മരങ്ങൾ മുറിച്ച് നീക്കാനുള്ള പൊതുമരാമത്ത് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് മുമ്പിലായി തണൽ വിരിച്ചു നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാനുള്ള നടപടിയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്.

തിരുവല്ല : കാവുംഭാഗം ജംഗ്ഷനിലെ തണൽ മരങ്ങൾ മുറിച്ച് നീക്കാനുള്ള പൊതുമരാമത്ത് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് മുമ്പിലായി തണൽ വിരിച്ചു നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാനുള്ള നടപടിയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഇവിടെ നിലനിന്നിരുന്ന ആറോളം മരങ്ങൾ അഞ്ചുവർഷം മുമ്പ് അധികൃതർ മുറിച്ചു നീക്കിയിരുന്നു. പിന്നാലെ നടപ്പാത നിർമ്മാണത്തിനായി റോഡിൻ്റെ ഇരു വശങ്ങളിലേയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചു നീക്കി. 

ഇതോടെ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, കുന്നുംപുറം എൽ പി സ്കൂൾ എന്നിവിടങ്ങളിലെ  വിദ്യാർത്ഥികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ വെയിലും മഴയും ഏറ്റ് ബസ് കാത്തു നിൽക്കേണ്ട ഗതികേടിലായി. ഇതേ തുടർന്ന് മൂന്നുവർഷം മുമ്പ് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് നാല് തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. 

മരങ്ങൾ  മുറിച്ചു നീക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എത്തിയ പൊതു മരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അടങ്ങുന്ന സംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനസ്ഥാപിക്കാതെ മരങ്ങൾ മുറിച്ചു നീക്കാൻ അനുവദിക്കില്ലെന്ന നാട്ടുകാരുടെ ഉറച്ച നിലപാടിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. മരങ്ങൾ മുറിച്ചു നീക്കുന്നതിന് എതിരെ ഓട്ടോറിക്ഷ തൊഴിലാളികളായ ആർ. ഹരികുമാർ, ബി.ജെ സനൽ കുമാർ എന്നിവർ പരാതിയുമായി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

facebook twitter