2026ഫുട്ബോൾ ലോകകപ്പിൽ യോഗ്യത സ്വന്തമാക്കി ഖത്തർ. 2022ൽ ആതിഥേയരായി ലോകകപ്പിൽ കളിച്ച ഖത്തർ ഇത്തവണ ഏഷ്യയിൽ നിന്നും ഔദ്യോഗികമായി യോഗ്യത സ്വന്തമാക്കിയാണ് ടൂർണമെന്റിൽ എത്തുന്നത്. യുഎഇയെ 2-1 ന് കീഴടക്കിയാണ് ഖത്തർ ലോകകപ്പ് യോഗ്യത നേടിയത്. ലോകകപ്പിന് യോഗ്യത സ്വന്തമാക്കാൻ യുഎഇക്ക് സമനില മതിയായിരുന്നു.
എന്നാൽ ആദ്യ കളിയിൽ ഒമാനെതിരെ ഗോൾ രഹിത സമനില നേടിയ ഖത്തറിന് വിജയം അനിവാര്യമായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ മത്സരത്തിന്റെ ഒന്നാം പകുതി ഗോൾ രഹിതമായി മാറി.
രണ്ടാം പകുതിയുടെ ആരംഭം 49ാം മിനിറ്റിൽ അക്രം അഫീഫ് എടുത്ത ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചുകൊണ്ട് ഖത്തറിനെ മുന്നിലെത്തിച്ചു.
അതേസമയം 73ാം മിനുറ്റിൽ പെഡ്രോ മിഗ്വൽ രണ്ടാം ഗോളും നേടിയതോടെ ഖത്തറിന്റെ ലീഡ് രണ്ടായി ഉയർന്നു. 88ാം മിനിറ്റിൽ യുഎഇ താരത്തെ ഫൗൾ ചെയ്തതിന് താരിഖ് സൽമാൻ ചുവപ്പുകാർഡുമായി പുറത്തായി. ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റിലാണ് സുൽത്താൻ ആദിൽ യുഎഇയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.