+

അറബ് - യു.എസ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ റിയാദിലെത്തി

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഫലസ്തീന്‍, സിറിയന്‍ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി തലസ്ഥാനമായ റിയാദിലെത്തി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ജിസിസി - യുഎസ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് ഖത്തര്‍ അമീര്‍ റിയാദിലെത്തിയത്തിത്. 


കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ റിയാദ് മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, റിയാദ് മേഖല മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ് അല്‍ സൗദ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി, സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ഖത്തറിലെ സൗദി അറേബ്യയുടെ അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്. അതേസമയം, സൗദി അറേബ്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറബ് - യു.എസ് ഉച്ചകോടിയില്‍ പങ്കെടുക്കും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഫലസ്തീന്‍, സിറിയന്‍ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും

facebook twitter