
പാലക്കാട്: വടക്കാഞ്ചേരിയിൽ 55 -കാരിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പുളിമ്പറമ്പ് സ്വദേശിനി വിശാലം (55) എന്ന കിടപ്പുരോഗിയായ സ്ത്രീയാണ് കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീടിന് മുന്നിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുന്നതിനിടെയാണ് നായ കടിച്ചത്. അപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിശാലത്തിന്റെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും നായ സ്ഥലംവിട്ടു. തുടർന്ന് നാട്ടുകാർ നായയെ പിന്തുടർന്ന് കൊന്നു. വിശാലത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നായയുടെ ജഡം പരിശോധനയ്‌ക്കായി മണ്ണുത്തി വെറ്റിനറി സർവകലാശാലയിലേക്ക് അയച്ചപ്പോൾ പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കമ്മാന്തറ പ്രദേശത്ത് മറ്റൊരു പശുക്കുട്ടിയിലും പേവിഷബാധ ലക്ഷണങ്ങൾ കാണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളായി പനി, ഭക്ഷണം ഒഴിവാക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വടക്കഞ്ചേരി വെറ്റിനറി സർജൻ പി. ശ്രീദേവി നടത്തിയ പരിശോധനയിലാണ് സംശയം ഉയർന്നത്.
പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്, ആ നായയുടെ കടിയേറ്റവരോ സമ്പർക്കം പുലർത്തിയവരോ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി.