റഹ്മാൻ, ഭരത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചാൾസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സമാറ. ചിത്രം ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഭയാനകമായ ഒരു രോഗത്തിന്റെയും അതിനെ മറയാക്കി ലോകത്തെ നശിപ്പിക്കാൻ ഒരുങ്ങുന്ന ദുഷ്ടശക്തികളുടെയും കഥ പറയുന്നു .ബിനോജ് വില്ല്യ, സഞ്ജന ദീപു, രാഹുൽ മാധവ്, വിവിയ ശാന്ത്, ഗോവിന്ദ് കൃഷ്ണ, മിർ സർവാർ, ദിനേശ് ലാംബ, ടിനിജ് വില്ല്യ, വീർ ആര്യൻ, നീതു ചൗധരി, സോണാലി സുഡാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
മലനിരകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഡോ. അലൻ എന്ന മുൻ സൈനിക ഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. അലന്റെ മകൾ ജാനി ഒരിക്കൽ അപ്പനെ സന്ദർശിക്കാൻ വരുന്നു. എന്നാൽ, ജാനിയ്ക്ക് വിചിത്രവും അപകടകരവുമായ എന്തോ ഒന്ന് സംഭവിക്കുന്നു. അതേ സമയം തന്നെയാണ് ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥൻ വിചിത്രമായ ചില കൊലപാതകങ്ങൾ അന്വേഷിക്കാൻ ആ പ്രദേശത്ത് എത്തുന്നത്. എല്ലാത്തിനും പിന്നിൽ മാരകമായൊരു വൈറസ് ആണെന്ന് കണ്ടെത്തപ്പെടുന്നു. ആളുകളെ വന്യവും അക്രമാസക്തവുമായ ജീവികളാക്കി മാറ്റാൻ കഴിയുന്ന മാരകമായൊരു വൈറസ്. രണ്ടാം ലോകമഹായുദ്ധകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ വൈറസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വൈറസ് പടരുന്നത് എങ്ങനെ തടയാം? ഇതാണ് ചിത്രത്തിന്റെ പ്രമേയം.
പീക്കോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം. കെ. സുഭാകരൻ, അനുജ് വർഗീസ് വില്ല്യാദത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗോപി സുന്ദർ സംഗീതവും സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും ആർ. ജെ. പപ്പൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. 2023 ഓഗസ്റ്റ് 11-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നെങ്കിലും വിദേശ പ്രേക്ഷകർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇനി ഇന്ത്യയിലെ പ്രേക്ഷകർക്കും കാണാൻ സാധിക്കും. മനോരമമാക്സിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്