ഡൽഹി : യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘തൊഴിൽ ബന്ധിത ഇൻസെന്റിവ്’പദ്ധതി ഒരു വർഷമായിട്ടും കാണാനില്ലെന്നും ഇതിനായി അനുവദിച്ച 10,000 കോടി തിരിച്ചടച്ചുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇതുവരെ പദ്ധതി എന്താണെന്ന് വ്യക്തത വരുത്തിയിട്ടില്ലെന്നും തൊഴിലില്ലായ്മയുടെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് എന്തുമാത്രം ഗൗരവമുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
വലിയ കോർപറേറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും തദ്ദേശീയ കഴിവുകളെ അവഗണിച്ചുകൊണ്ടും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. എം.എസ്.എം.ഇകളിൽ വലിയ തോതിലുള്ള നിക്ഷേപവും മത്സരം വളരാൻ കഴിയുന്ന ന്യായമായ വിപണികളും പ്രാദേശിക ഉൽപാദന ശൃംഖലകൾക്കുള്ള പിന്തുണയുമാണ് കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗമെന്നും രാഹുൽ പറഞ്ഞു. അദാനിയെയും കോടീശ്വരന്മാരായ സുഹൃത്തുക്കളെയും സമ്പന്നരാക്കുന്നതിൽനിന്നുമാറി അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ യുവാക്കൾക്ക് തുല്യമായ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഇനിയെപ്പോഴാണ് പ്രധാനമന്ത്രി ശ്രദ്ധിക്കുകയെന്നും രാഹുൽ ചോദിച്ചു.