കൊച്ചി: ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നിലധികം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയത് ബംഗളൂരുവില്‍വച്ചാണ്. ഇത് സ്ഥിരീകരിക്കാന്‍ അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകും.
നേരത്തെ ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സംഭാഷണത്തില്‍ വ്യക്തമാണ്.
ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ചിട്ടുണ്ട്. ആദ്യ ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. അതിനിടെ, അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നതായി മാധ്യമപ്രവര്‍ത്ത വെളിപ്പെടുത്തിയിരുന്നു.
നിര്‍ബന്ധിത ഗര്‍ഭഛിദ്രം ആരോപിച്ച് രാഹുലിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയ ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി അന്വേഷക സംഘം രേഖപ്പെടുത്തി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതിലൂടെ, ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന പരാതി കമ്മീഷന്‍ പൊലീസിനു കൈമാറി.
രാഹുലിന്റെ ലൈംഗിക ചൂഷണത്തിനും അശ്ലീല സന്ദേശങ്ങള്‍ക്കും ഇരയായവര്‍ നേരത്തെ കെപിസിസിക്ക് പരാതി നല്‍കയിരുന്നു. പത്തിലധികം പരാതി പലരില്‍ നിന്നായി ലഭിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇപ്പോള്‍ തിരിച്ചടിക്കിടയാക്കിയത്.
ആരോപണം ഉയര്‍ന്നിട്ടും സംരക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പിന്നീട് എംഎല്‍എയുമാക്കി. രണ്ടു പെണ്‍കുട്ടികള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയായി എന്ന വിവരം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പലര്‍ക്കും നേരത്തെ അറിയാമായിരുന്നു. പാര്‍ട്ടിയില്‍ എതിര്‍ ശബ്ദമുയര്‍ത്തിയ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ഉമാ തോമസ്, താരാ ടോജോ അലക്‌സ് എന്നിവരെ സൈബറിടങ്ങളില്‍ ആക്രമിച്ച് ഒതുക്കുകയാണ് ചെയ്തത്.