
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്ന് വ്യക്തമല്ല.
കോൺഗ്രസ്സിൽ ഒറ്റപ്പെടുകയും സമ്മർദം കനക്കുകയും ചെയ്തിട്ടും പ്രതിരോധം തീർത്തും രാജി ആവശ്യം നിരസിച്ചും രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ഉറച്ചുനിന്നിരുന്നു. തൻറെ പേര് പറഞ്ഞ് ആരോപണമുന്നയിച്ച ട്രാൻസ്വുമൺ അവന്തികയുടെ ചാറ്റും ഫോൺ സംഭാഷണവും പുറത്തുവിട്ടായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രതിരോധം. വനിത നേതാക്കളടക്കം കെ.പി.സി.സി ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ തൻറെ ഭാഗം ന്യായീകരിക്കും വിധമുള്ള നീക്കത്തിലൂടെ പാർട്ടി ചിന്തിക്കുന്നതിനൊപ്പം കൂടാൻ താനില്ലെന്ന പരോക്ഷ സൂചന അദ്ദേഹം നൽകിയത്.
മറുഭാഗത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകട്ടെ നിലപാടിൽ ഒട്ടും അയവ് വരുത്തിയിട്ടില്ല. ഷാനിമോൾ ഉസ്മാൻ, ഉമ തോമസ് അടക്കം വനിത നേതാക്കൾ ഞായറാഴ്ച രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു. ഉചിത സമയത്ത് ഉചിത തീരുമാനമുണ്ടാകുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫിൻറെ പ്രതികരണം.
എന്നാൽ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ തിരിച്ചടി ഉണ്ടാവുമെന്ന ഭയമാണ് രാജി ആവശ്യത്തിൽ നിന്നും പിന്മാറാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കോൺഗ്രസിന് നിയമോപദേശം ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് പാർട്ടി നേതാക്കളും രാജിയാവശ്യത്തിൽ നിന്നും പിന്നാക്കം പോയത്.