സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത

04:17 PM Aug 13, 2025 |


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപമാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയർജിച്ച് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത 2-3 ദിവസം കൂടുതൽ പ്രദേശങ്ങളിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ആറ് ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.