ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മറുപടി നൽകി. നിരപരാധികളെ വേട്ടയാടിയവർക്കുള്ള ചുട്ട മറുപടിയാണിത്. നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവർക്ക് മാത്രമാണ് മറുപടി നൽകിയത്. ജനവാസ കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ഭീകര കേന്ദ്രങ്ങൾ മാത്രമാണ് തകർത്തത്. ഇന്ത്യൻ സൈന്യം കൃത്യതയോടെയും ജാഗ്രതയോടെയും മനുഷ്യത്വത്തോടും കൂടി പ്രവർത്തിച്ചു', രാജ്‌നാഥ് സിങ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരമാണ് ഓപ്പറേഷൻ നടന്നതെന്നും രാജ്‌നാഥ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ സൈന്യം രാജ്യത്തിന് അഭിമാനമാണെന്ന് സേനയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
'എന്നെ ഉപദ്രവിച്ചവർക്ക് പകരം അവരെ മാത്രമേ ഞാൻ ഉപദ്രവിച്ചുള്ളു' എന്ന അശോക വനിയിലെത്തിയ സമയത്ത് ഹനുമാൻ കാണിച്ച മാതൃകയാണ് തങ്ങൾ പിന്തുടരുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. മന്ത്രിസഭാ സമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിച്ചെന്നും അതിനാൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണം എല്ലാവർക്കും അഭിമാനം തന്നെയാണെന്നും മോദി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.