ലോകേഷ് കനകരാജ് തമിഴ് സിനിമയുടെ രാജമൗലി, പ്രശംസിച്ച് രജനികാന്ത്

12:43 PM Aug 05, 2025 | Suchithra Sivadas

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയുടെ റിലീസിനായി വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ഹൈപ്പ് കൂടിയിരിക്കുകയാണ്. കൂലിയുടെതായി പുറത്തിറങ്ങിയ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഒരു പ്രൊമോഷന്‍ പരിപാടി ഹൈദരാബാദില്‍ വച്ച് നടന്നത്.
ചടങ്ങില്‍ ലോകേഷ് കനകരാജിനെ എസ് എസ് രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണെന്നും എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണെന്നും രജനികാന്ത് പറഞ്ഞു. വില്ലന്‍ വേഷങ്ങള്‍ ചെയ്യാനുളള താത്പര്യവും പരിപാടിയില്‍ തലൈവര്‍ വെളിപ്പെടുത്തി. കൂലിയില്‍ നാഗാര്‍ജുന അവതരിപ്പിക്കുന്ന സൈമണ്‍ എന്ന നെഗറ്റീവ് റോള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്ന കാര്യമാണ് രജനികാന്ത് തുറന്നുപറഞ്ഞത്.
'സൈമണ്‍ എന്ന കഥാപാത്രമായ നാഗാര്‍ജുനയാണ് ഏറ്റവും വലിയ ആകര്‍ഷണം. സിനിമയുടെ കഥ കേട്ടപ്പോള്‍, സൈമണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സൈമണ്‍ വളരെ സ്‌റ്റൈലിഷാണ്. നാഗാര്‍ജുന ആ വേഷം ചെയ്യാന്‍ സമ്മതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാള്‍ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാള്‍ ചിന്തിച്ചിട്ടുണ്ടാകാം, 'ഞാന്‍ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം' എന്ന്,' രജനികാന്ത് കൂട്ടിച്ചേര്‍ത്തു