തെരുവുനായ വിഷയത്തിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്

07:24 PM Aug 21, 2025 | Neha Nair

വർഷങ്ങൾക്ക് മുൻപ് തന്നെ തെരുവുനായ വിഷയത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞിട്ടുണ്ട് അവതാരക രഞ്ജിനി ഹരിദാസ്. അത് പല വിവാദങ്ങൾക്കും കളിയാക്കലുകൾക്കും കാരണവുമായിട്ടുണ്ട്. ഇപ്പോൾ വീണ്ടും തെരുവുനായ വിഷയം കത്തിക്കയറുകയാണ്. ഡൽഹിയിലെ എല്ലാ തെരുവ് നായകളേയും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപട് വ്യക്തമാക്കുകയാണ് രഞ്ജിനി.

”സുപ്രീംകോടതി ഉത്തരവ് എന്നെ വിഷമിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്‍തു. സത്യം തന്നെയാണ്, ഇന്ത്യയിൽ ധാരാളം തെരുവുനായകൾ ഉണ്ട്. ഇവയിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ള ആളുകൾ കുറേയുണ്ട്. അവരിൽ കൂടുതലും കുട്ടികളാണ്. 

ഇങ്ങനൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും വരുമ്പോൾ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകൾ വന്നു. ഇത‍ൊന്നും ലോജിക്കലോ ലീഗലോ ആയ കാര്യമല്ല. എഴുതപ്പെട്ടിട്ടുള്ള നിയമങ്ങൾ നമ്മൾ പാലിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് സുപ്രീംകോടതിയുടെ ജോലി. എന്നിരുന്നാലും സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ ഒരു സമയത്ത് ഈ വിധി വന്നപ്പോൾ എല്ലാവരും നിയമങ്ങൾ പാലിക്കുന്നുണ്ടോ? അവർ തന്നെ നിയമങ്ങൾ പാലിക്കാതിരുന്നാലോ?. ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നു.

മൃഗങ്ങളും അതിൽ ഉൾപ്പെടും. പത്ത് ലക്ഷത്തോളം തെരുവുനായകൾ രാജ്യത്ത് ഉണ്ടെന്നാണ് പറയുന്നത്. അത് ഏത് സർവേയുടെ ബേസിൽ ആണെന്ന് അറിയില്ല. ഈ അടുത്തൊന്നും സർവേ നടന്നിട്ടില്ല. തെരുവുനായകൾ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. 

പെറ്റ് ഓണർഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കൺട്രോൾ ചെയ്യണം. നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് ശിക്ഷ നൽകണം. ആനിമൽ വെൽഫെയറിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് കരുതി ഞങ്ങളെ തെരുവ് നായ കടിക്കാറില്ലെന്നോ ഓടിക്കാറില്ലെന്നോ അർത്ഥമില്ല. എന്റെ വീട്ടിലുള്ളവരും രാത്രി വടി കയ്യിൽ കരുതാറുണ്ട്. ഇത് എല്ലാവരേയും പ്രശ്‍നമാണ്. പല കാരണങ്ങൾ മൂലം നമ്മുടെ രാജ്യത്ത് ആളുകൾ മരിക്കുന്നുണ്ട്. തെരുവുനായകളുടെ പ്രശ്‍നത്തിന് ചെയ്‍തതുപോലെയാണോ ആ പ്രശ്‍നങ്ങൾ പരിഹരിക്കുന്നത്? നിയമങ്ങൾ പിന്തുടരുകയാണ് ജഡ്ജിമാർ ചെയ്യേണ്ടത്. ഒരു രാജ്യം നല്ലരീതിയിൽ അറിയപ്പെടുന്നത് അവിടുത്തെ മൃഗങ്ങളെ അവർ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്ന രീതിയിലാണ്. മനുഷ്യർക്കു വേണ്ടിയെന്ന് പറഞ്ഞ് മണ്ടത്തരം ചെയ്യരുത്”, രഞ്ജിനി പറയുന്നു.