
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ. ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ് കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. നേരത്തെ വിധി പറഞ്ഞ ഘട്ടത്തില്‍ പത്താം പ്രതി ചികിത്സയിലായിരുന്നു.
നേരത്തെ കേസിലെ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ആദ്യമായായിരുന്നു ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത്. ജഡ്ജി വി ജി ശ്രീദേവിയായിരുന്നു വധശിക്ഷ വിധിച്ചത്. 2021 ഡിസംബര്‍ 19നാണ് ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്.
അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊല. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്റഫ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട മറ്റ് പ്രതികള്‍.