എറണാകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.
കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.