സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ കാർഡുകാരിൽ 95.61 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91.37 ശതമാവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 9 ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണ്. എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
ചില എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായിട്ടുണ്ട്. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.