+

തൊട്ടതിനെല്ലാം പൊന്നുംവില, ടെക്കികള്‍ ബെംഗളുരുവിനെ രാജ്യത്തെ ചെലവേറിയ നഗരമായി മാറ്റി, സാധാരണക്കാര്‍ക്ക് താങ്ങില്ല വാടകയും ഭക്ഷണവും

ബെംഗളുരുവിലെ ഒരു അണുകുടുംബത്തിന് ജീവിക്കാന്‍ 50,000 മുതല്‍ 60,000 രൂപ വരെയുള്ള പ്രതിമാസ വരുമാനം പര്യാപ്തമല്ലെന്നും റെഡ്ഡിറ്റര്‍ പറഞ്ഞു.

ബെംഗളുരു: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം ബെംഗളുരുവാണെന്ന റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് വൈറലായി. പൂനെ, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളുമായി താരതമ്യപ്പെടുത്തിയ പോസ്റ്റില്‍, വാടക, ഭക്ഷണം, ഗതാഗതം, പൊതു ജീവിതശൈലി എന്നിവ ബെംഗളുരുവില്‍ ചെലവേറിയതാണെന്ന് പറയുന്നു.

പൂനെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ താമസിച്ചിട്ടുണ്ട്. ഹൈദരാബാദിലും കൊല്‍ക്കത്തയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. തെരുവ് ഭക്ഷണം മുതല്‍ ഓട്ടോകള്‍ പോലുള്ള പ്രാദേശിക ഗതാഗതം വരെ ഈ നഗരങ്ങളിലെല്ലാം താങ്ങാനാവുന്ന ചെലവുകളാണ്. എന്നാല്‍, ബെംഗളുരുവില്‍ എല്ലാം ചെലവേറിയതാണെന്നാണ് പോസ്റ്റ് പറയുന്നത്.

ബെംഗളുരുവിലെ ഒരു അണുകുടുംബത്തിന് ജീവിക്കാന്‍ 50,000 മുതല്‍ 60,000 രൂപ വരെയുള്ള പ്രതിമാസ വരുമാനം പര്യാപ്തമല്ലെന്നും റെഡ്ഡിറ്റര്‍ പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി മുംബൈയില്‍ അടുത്തിടെയുണ്ടായ ഒരു അനുഭവം ഇയാള്‍ പങ്കുവെച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വെറും 2 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് എനിക്ക് എത്തേണ്ടി വന്നു, മുംബൈയിലെ ഓട്ടോക്കാരന്‍ എന്നോട് 30 രൂപ മാത്രമാണ് ഈടാക്കിയത്. ഞാന്‍ ഞെട്ടിപ്പോയി. സ്ട്രീറ്റ് ഫുഡ് പോലും അവിടെ 10-15 രൂപയില്‍ കിട്ടും.

ബെംഗളുരുവിലെ ഉയര്‍ന്ന വാടകയെ അഹമ്മദാബാദ് പോലുള്ള നഗരങ്ങളിലെ വിലകുറഞ്ഞ വീടുകളുമായി അയാള്‍ താരതമ്യം ചെയ്തു. പോസ്റ്റ് അതവേഗം ശ്രദ്ധനേടി. ഇത് ഓണ്‍ലൈനില്‍ സജീവമായ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. അവകാശവാദത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്തുകൊണ്ട് ഒട്ടേറെ ഉപയോക്താക്കള്‍ സ്വന്തം വീക്ഷണങ്ങള്‍ പങ്കുവച്ചു.

വിലയുടെയും അളവിന്റെയും കാര്യത്തില്‍ മുംബൈ തെരുവ് ഭക്ഷണം മറ്റൊരു തലത്തിലാണ്. ഒരു താരതമ്യവുമില്ലെന്നാണ് ഒരാളുടെ പ്രതികരണം. ഹൈദരാബാദ് ബെംഗളുരുവിനെപ്പോലെ തന്നെ ചെലവേറിയതായി മാറുന്നു എന്നാണ് മറ്റൊരാളുടെ പ്രതികരണം.

പൂനെയില്‍ താമസിക്കുന്ന ഒരാള്‍ പറയുന്നത് ബെംഗളുരുവിലേക്ക് തിരികെ വരണമെന്നാണ്. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും പൂനെയില്‍ വളരെ മോശമാണെന്നും അയാള്‍ കുറിച്ചു. ചെലവേറിയ നഗരമാണെങ്കിലും ബെംഗളുരു ഏവരേയും ആകര്‍ഷിക്കുന്നതാണെന്നും ചിലര്‍ പറയുന്നുണ്ട്. ഐടി ഹബ്ബായി മാറിയതോടെ ടെക്കികളുടെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതമാണ് ബെംഗളുരുവിനെ ചെലവേറിയതാക്കിയത്.

facebook twitter