നാവ് മുറിച്ച് ടാറ്റൂ ചെയ്ത് റീല്‍സ് ; അറസ്റ്റിലായ ടാറ്റൂ സെന്റര്‍ ഉടമ ഹരിഹരനെ കുറിച്ച് കൂടുതല്‍ അന്വേഷണം തുടങ്ങി

07:34 AM Dec 19, 2024 | Suchithra Sivadas

തിരുച്ചിറപ്പള്ളിയില്‍ നാവ് മുറിച്ച്, ടാറ്റൂ ചെയ്ത് റീല്‍സ് തയ്യാറാക്കുന്ന സംഘം കൂടുതല്‍ ജില്ലകളില്‍ ടാറ്റൂ പാര്‍ലര്‍ തുടങ്ങാന്‍ പദ്ധതിയിട്ടതായി സൂചന. അറസ്റ്റിലായ ടാറ്റൂ സെന്റര്‍ ഉടമ ഹരിഹരന്റെ ഗുണ്ടാ ബന്ധത്തിലും പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കണ്ണില്‍ പച്ചകുത്തി, ദേഹമാകെ ടാറ്റൂകളുമായി റീല്‍സിലൂടെ ലൈക്കുകള്‍ വാരിക്കൂട്ടുന്ന  ഇന്‍സ്റ്റഗ്രാം സ്റ്റാറും ഏലിയന്‍ ഇമോ ടാറ്റൂ പേജിലെ വീഡിയോകളിലൂടെ താരമായ തിരുച്ചിറപ്പള്ളി ചിന്താമണി സ്വദേശി ഹരിഹരന്റെ നാവുപിളര്‍ത്തല്‍ റീല്‍ വൈറലായതോടെയാണ് പിടിവീണത്.

പാമ്പിന്റെയും സിംഹത്തിന്റെയും രൂപത്തില്‍ നാവ് മുറിച്ച് നല്‍കിയിരുന്നത് ടാറ്റൂ സെന്റര്‍ ഉടമ ഹരിഹരനും സഹായി ജയരാമനും ചേര്‍ന്നാണെന്നും പൊലീസ് പറയുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളും അനസ്‌തേഷ്യ മരുന്നുകളും കണ്ടെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ക്ക്  ശസ്ത്ക്രിയക്ക് സമാനമായ സജ്ജീകരണങ്ങള്‍ ഒരുക്കിയവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.  ഇവിടെ നാവുപിളര്‍ത്തലിന് വിധേയരായ നാല് പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടുകതല്‍ ടാറ്റൂ സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട ഇവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.