സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചു ; രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

08:11 AM Jan 24, 2025 | Suchithra Sivadas

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചത്. ഇതോടെ രാഹുലിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് രംഗത്തെത്തി. 

നേതാജിയുടെ മരണത്തിലെ ദുരൂഹത കോണ്‍ഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്ന് കുനാല്‍ ഘോഷ് ആരോപിച്ചു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങളും കോണ്‍ഗ്രസ് മൂടിവയ്ക്കുകയാണ്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോണ്‍ഗ്രസ് മറച്ചുവെച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുല്‍ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാല്‍ ഘോഷ് ആവശ്യപ്പെട്ടു.