ഫോൺ നമ്പർ ഇല്ലാതെ ജിമെയിൽ വീണ്ടെടുക്കാം

06:36 PM May 04, 2025 | Kavya Ramachandran

 ഒരു ജിമെയിൽ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടുക എന്നത് ഇന്ന് ഏറെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് അക്കൗണ്ട് വീണ്ടെടുക്കാനായി റിക്കവറി ഫോൺ നമ്പരോ അതിലേക്ക് ലിങ്കു ചെയ്തിരിക്കുന്ന ഇമെയിലോ ഇല്ലെങ്കിൽ. ഇത്തരം സാഹചര്യങ്ങളിൽ ഇമെയിൽ ഐഡി വീണ്ടെടുക്കുക പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്.

പാസ്‌വേഡും മറ്റു വിവരങ്ങളും നഷ്ടപ്പെട്ടതുകൊണ്ടോ, സുരക്ഷാ ലംഘനം മൂലമോ ജിമെയിലിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെട്ട ഒരാളാണ് നിങ്ങൾ എങ്കിൽ, ഐഡന്റിറ്റി വെരിഫൈ ചെയ്യാനും ജിമെയിൽ ആക്‌സസ് വീണ്ടെടുക്കാനും സഹായിക്കുന്നതിന് ഗൂഗിൾ തന്നെ നിരവധി റിക്കവറി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണിലോ, അക്കൗണ്ട് ആക്‌സസ് ഉള്ള കമ്പൂട്ടറിലോ ഐഡന്റിറ്റി വെരിഫൈ ചെയ്യാനാകും. ജിമെയിൽ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്. അതുപോലെ തന്നെ റീസന്റ് അക്കൗണ്ട് ആക്ടിവിറ്റിയിലൂടെയും ജീമെയിൽ വീണ്ടെടുക്കാം. ഈ ഓപ്ഷനുകൾ ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്യാൻ ഗൂഗിളിന് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കാം.

ഫോൺ നമ്പർ ഇല്ലാതെ ജിമെയിൽ എങ്ങനെ വീണ്ടെടുക്കാം?

ഗൂഗിൾ അക്കൗണ്ട് റിക്കവറി എന്ന ഓപ്ഷനിലേക്ക് പോകുക. ഇമെയിൽ നൽകി, 'Next' ക്ലിക്ക് ചെയ്യുക. ഫോൺ നമ്പരോ, ഇമെയിലോ ആവശ്യപ്പെടുകയാണെങ്കിൽ 'അൾട്ടർനേറ്റീവ് റിക്കവറി ഓപ്ഷൻ' വരുന്നതുവരെ 'Try another way ' സെലക്ടു ചെയ്യുക. ഇവിടെ സുരക്ഷാ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ മുമ്പ് ഉപയോഗിച്ച ഒരു ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയോ വേണ്ടിവന്നേക്കാം. 

ഇവിടെയും പരാജയപ്പെട്ടാൽ, നിങ്ങൾക്ക് ഗൂഗിളിൽ അപ്പീൽ നൽകാം. ഇതുപയോഗിച്ച് പ്രവർത്തനരഹിതമാക്കിയ ജിമെയിൽ അക്കൗണ്ടുകൾ വീണ്ടെടുക്കാനും കഴിയും. ഈ പ്രക്രിയയ്ക്ക് കുറച്ച് ദിവസങ്ങൾ മുതൽ ഒരാഴ്ച വരെ കാലതാമസം എടുത്തേക്കാം. ഇതിനായി അക്കൗണ്ട് നിങ്ങളുടേതാണെന്ന് സ്ഥിരീകരിക്കുന്ന ചില തെളിവുകൾ സമർപ്പിക്കാൻ ഗൂഗിൾ ആവശ്യപ്പെടും.