പല്ല് വേദന എളുപ്പത്തിൽ മാറ്റാം

01:45 PM May 10, 2025 | Kavya Ramachandran
 പല്ലിനുണ്ടാകുന്ന കേടുകൾ, മോണ രോഗം, അണുബാധ എന്നിങ്ങനെ പല ഘടകങ്ങൾ പല്ല് വേദനയ്ക്ക് കാരണമാകാം. ഡോക്ടറെ കാണുന്നതിന് മുൻപ് വേദനയുടെ തീവ്രത കുറയ്ക്കാൻ ഈ നുറുങ്ങുകൾ പരീക്ഷിച്ചുനോക്കൂ..
ഗ്രാമ്പൂ എണ്ണ
പല്ല് വേദന ശമിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ പ്രതിവിധികളിലൊന്നാണ് ഗ്രാമ്പൂ എണ്ണ. ഗ്രാമ്പുവിൽ യുജെനോൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ ഒരു വേദനസംഹാരിയാണ്. കൂടാതെ നീർവീക്കം കുറയ്ക്കാൻ കഴിവുള്ള ഒരു ആന്റി ബാക്ടീരിയൽ ഏജന്റുമാണ് ഗ്രാമ്പൂ എണ്ണ. ഒരു കഷണം വൃത്തിയുള്ള പഞ്ഞിയിൽ ഏതാനും തുളളി ഗ്രാമ്പൂ എണ്ണ ഒഴിച്ച് വേദനയുള്ള ഭാഗത്ത് തടവുക. കുറച്ച് മിനിറ്റ് പഞ്ഞി അങ്ങനെ തന്നെ കടിച്ച് പിടിക്കുക. ശേഷം ചെറുചൂടുവെളളത്തിൽ കഴുകുക. അതല്ലെങ്കിൽ ഒരു ഗ്രാമ്പൂ വേദനയുള്ള ഭാഗത്ത് കടിച്ചുപിടിക്കുക.
ഉപ്പ് വെള്ളം വായിൽ കൊള്ളുക
പല്ലുവേദന ശമിപ്പിക്കാനും അണുബാധ കുറയ്ക്കാനും എളുപ്പവും ഫലപ്രദവുമായ പ്രതിവിധി ഉപ്പ് വെള്ളത്തിൽ വായ കഴുകുകയാണ്. ഉപ്പ് ഒരു പ്രകൃതിദത്ത അണുനാശിനിയാണ്. ഇത് വീക്കം, വായിലെ അണുബാധ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് കലർത്തി വായിൽ കൊളളുക.
വെളുത്തുളളി
കാലങ്ങളായി ഔഷധ ഗുണങ്ങൾക്കായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിൽ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെളുത്തുള്ളി വേദന കുറയ്ക്കുകയും പല്ലുകൾക്കിടയിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു വെളുത്തുള്ളി അല്ലി ചവച്ച് പേസ്റ്റ് ആക്കി മാറ്റുക. ഈ വെളുത്തുള്ളി പേസ്റ്റ് നേരിട്ട് പല്ലിൽ പുരട്ടി അൽപ്പസമയം വയ്ക്കുക.
ഐസ് പായ്ക്ക്
പല്ലിൽ ഐസ് വയ്ക്കുന്നത് വേദനയ്ക്ക് കാരണമായ ഞരമ്പുകളെ മരവിപ്പിക്കുകയും വേദനയിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുകയും ചെയ്യും. വൃത്തിയുള്ള ഒരു തൂവാലയിലോ തുണിയിലോ കുറച്ച് ഐസ് ക്യൂബ് പൊതിയുക. വേദനയുള്ള പല്ലിന് സമീപമുള്ള കവിളിൽ 15 മിനിറ്റ് പിടിക്കുക. അവ ആ പ്രത്യേക പല്ലിനുളളിലെ രക്തക്കുഴലുകളെ ചുരുക്കുന്നു. അതുവഴി വേദന ഒഴിവാക്കുകയോ നീർവീക്കം കുറക്കുകയോ ചെയ്യുന്നു.
ഉളളി
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ ആന്റി ബാക്ടീരിയൽ സംയുക്തങ്ങൾ നിലനിർത്തുന്നു.സൾഫർ സംയുക്തങ്ങൾ നീർവീക്കം തടയുന്നവയാണ്. അവ രോഗാണുക്കളെ നശിപ്പിക്കുകയും പല്ലുവേദനയിൽനിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. പച്ച ഉളളി മുറിച്ച് കേടുളള പല്ലിൽ നേരിട്ട് വയ്ക്കുക. അല്ലെങ്കിൽ പതുക്കെ ചവച്ചാൽ മതിയാകും