തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വഴി ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ നടന്നത് 223 കോടി രൂപയുടെ ഇടപാടുകൾ. കെവൈസി രേഖകളില്ലാതെയും മറ്റും 14,189 അക്കൗണ്ടുകൾ വഴിയാണ് ഇത്രയധികം തുക കൈമാറ്റം ചെയ്യപ്പെട്ടത്. ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിച്ച പണം തട്ടിപ്പുകാരിലേക്ക് എത്തുന്നതിനുള്ള ഇടനില അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ.
പണമിടപാട് നടന്നതും നടക്കാത്തതുമായ 28,000 അക്കൗണ്ടുകൾ ഇക്കൊല്ലം ഇതുവരെ മരവിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 431 കോടി രൂപയാണ്. സമയത്തിന് പരാതി നൽകിയതിനാൽ 66.88 കോടി രൂപ തിരിച്ചുപിടിക്കാനായി. എറണാകുളം, മലപ്പുറം ജില്ലകളിലാണ് മ്യൂൾ അക്കൗണ്ടുകൾ കൂടുതലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 6107 മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയ എറണാകുളം ജില്ലയിൽ 79 കോടി രൂപയുടെ സംശയാസ്പദമായ സാമ്പത്തികയിടപാടുകൾ നടന്നു.
മലപ്പുറം ജില്ലയിൽ 2090 ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് യാഥാർഥ ഉടമകളല്ലെന്നാണ് നിഗമനം. ഈ അക്കൗണ്ടുകളിലൂടെ 28.87 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇത്തരത്തിൽ അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത് കേരളത്തിനുപുറത്തുള്ള ഏജന്റുമാരാണെന്നാണ് സൂചന.
കോഴിക്കോട്ട് 26.96 കോടി രൂപയുടെയും തൃശ്ശൂരിൽ 21 കോടി രൂപയുടെയും തിരുവനന്തപുരത്ത് 11.76 കോടി രൂപയുടെയും സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തി. ഇടുക്കി. കോട്ടയം, പത്തനംതിട്ട ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ 200-ൽക്കൂടുതൽ മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
രാജ്യത്താകെ 8.5 ലക്ഷം മ്യൂൾ അക്കൗണ്ടുകളുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ, 20 ലക്ഷം അക്കൗണ്ടുകളെങ്കിലും മ്യൂൾ അക്കൗണ്ടുകളായുണ്ടെന്നാണ് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ വ്യക്തമാക്കുന്നത്.
മ്യൂൾ അക്കൗണ്ട്
ഈ വർഷം നടന്നത് ₨ 223കോടിയുടെ ഇടപാടുകൾ
14000-ൽ പരം അക്കൗണ്ടുകൾ
ഓൺലൈൻ തട്ടിപ്പ്
ഇക്കൊല്ലം ഇതുവരെ ₨431 കോടി
തിരിച്ചുപിടിച്ചത് ₨66.88 കോടി