ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ്കൊല്ലം സുധി. ഒന്നര വർഷം മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഒരു കാറപകടത്തിലാണ് അദ്ദേഹം മരിക്കുന്നത്. കൊല്ലം സുധിയുടെ മരണശേഷം ഭാര്യ രേണു മോഡലിങ്ങിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ സജീവമായിരുന്നു. എന്നാൽ ഇതേത്തുടർന്ന് രേണു വലിയ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ഷോ ഡയറക്ടറായ അനൂപ് ജോൺ.
''സുധി ചേട്ടൻ ആ ഷോയിൽ ഉണ്ടായിരുന്നപ്പോൾ പോലും അത്രയ്ക്ക് ആരാധകർ പുള്ളിക്ക് ഇല്ലായിരുന്നു. അദ്ദേഹം മരിച്ചതിനുശേഷം ആണ് ഇത്രയധികം ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നമ്മൾ മനസിലാക്കുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് ഇത്രയധികം ആരാധകർ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കിൽ സുധി ചേട്ടൻ വേറെ ലെവലിൽ എത്തുമായിരുന്നു. ഷോ നടക്കുന്ന സമയത്ത് എന്തിനാണ് ഇതിനകത്ത് സുധിയെ കൊണ്ടുവന്നിരിക്കുന്നത് എന്ന കമന്റുകൾ പോലും വന്നിട്ടുണ്ട്. സുധി ചേട്ടന്റെ നിഷ്കളങ്കതയാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അദ്ദേഹം വെറുതെ ഇരുന്നൊന്ന് ചിരിച്ചാൽ മാത്രം മതി അത് കാണാൻ ഒരുപാടു പേർ ഉണ്ടായിരുന്നു. ഒപ്പം ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അനൂപ് ജോൺ പറഞ്ഞു.
''സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡിലേക്ക് വന്നത്. ആർക്കും അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല'', അനൂപ് ജോൺ കൂട്ടിച്ചേർത്തു