തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തില്‍ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയില്‍വേ പരിഷ്‍കരിച്ചു.നിലവില്‍ നാലു മണിക്കൂർ മുമ്ബാണ് തയ്യാറാക്കുന്നത്.
എന്നു മുതലാണ് പരിഷ്കാരം നടപ്പാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഉച്ചയ്‌ക്ക് 2.01നും രാത്രി 11.59നുമിടയിലും അർദ്ധരാത്രി 12 മുതല്‍ പുലർച്ചെ 5 വരെയും പുറപ്പെടുന്ന ട്രെയിനുകളിലാകും 10 മണിക്കൂർ മുമ്ബ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുക. പുലർച്ചെ 5നും ഉച്ചയ്‌ക്ക് രണ്ടിനുമിടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി എട്ടിന് തയ്യാറാക്കും.
ഈ പരിഷ്‌കരണത്തിലൂടെ റിസർവേഷൻ സ്റ്റാറ്റസിനെക്കുറിച്ചുള്ള മുൻകൂട്ടി വിവരങ്ങള്‍ യാത്രക്കാർക്ക് ലഭ്യമാകുകയും അവസാന നിമിഷ ആശയക്കുഴപ്പം ഒഴിവാക്കാനും സാധിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ എല്ലാ സോണല്‍ ഡിവിഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്.