തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സർവീസ് നിർത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അമിതമായ ടാക്സ് പിൻവലിക്കുക, അനധികൃതമായ പണിഷ്മെൻറ് ഫീസ് നിർത്തലാക്കുക, ബസ് ജീവനക്കാരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് സമരം. കൊടുങ്ങല്ലൂർ- ഗുരുവായൂർ റൂട്ടിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ജൂലൈ 21 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് വാഹന ഉടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റോഡുകളുടെ തകർച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം വർധിച്ചതായും ബസ് ഉടമകൾ ചൂണ്ടികാട്ടുന്നു.നിരവധി നിവേദനങ്ങൾ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് സമർപ്പിച്ചിട്ടും നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുകയാണെന്ന് വാഹന ഉടമകൾ പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥയടക്കം അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.