
ഫ്രാന്‍സിലെ പാരീസിലുള്ള ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തില്‍ നിന്നും നെപ്പോളിയന്റെ ആഭരണം മോഷണം പോയെന്ന് സൂചന. മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മ്യൂസിയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം അടച്ചിട്ടിരിക്കുകയാണിപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്രിലാണ് മൊണാലിസയുടെ ചിത്രം അടക്കം സൂക്ഷിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചെറിയ ചെയിന്‍ സോകളുമായി എത്തിയ മോഷ്ടാക്കള്‍, മോഷണത്തിന് ശേഷം സ്കൂട്ടറിലാണ് കടന്നുകളഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും നേരെ ആക്രമണം ഉണ്ടായിട്ടില്ല. ചില അസാധാരണമായ കാരണങ്ങളാല്‍ മ്യൂസിയം അടച്ചുവെന്നാണ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മ്യൂസിയം ഫ്രഞ്ച് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മ്യൂസിയത്തിന് മുമ്പിലെ നദീതീരത്തിന് സമീപത്തൂടിയുള്ള റോഡും അടച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 9.30നാണ് മോഷണം നടന്നത്. ജനല്‍ തകര്‍ത്താണ് അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കള്‍ കടന്നത്. കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച ഗുഡ് ലിഫ്റ്റി (ഏണി)ലൂടെയാണ് പ്രതികള്‍ അകത്ത് കടന്നതെന്ന് വ്യക്തമായിട്ടുണ്ട്. അകത്ത് കടന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി ഏഴു മിനിറ്റിനുള്ളിലാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. എന്തൊക്കെ നഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാംസ്കാരികമായി വലിയ പ്രാധാന്യമുള്ള വിലമതിക്കാനാവാത്ത സാമഗ്രികളാണ് നഷ്ടമായതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടുണ്ട്.