23.5 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന വിനോദ സഞ്ചാരികളെ കുടുക്കി റോയല്‍ ഒമാന്‍ പൊലീസ്

12:52 PM Dec 15, 2025 | Suchithra Sivadas

ഏകദേശം ഒരു ദശലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലീസ്. ടൂറിസ്റ്റ് വീസയില്‍ ഒമാനിലെത്തിയ പ്രതികള്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു.


പുലര്‍ച്ചെ നാലു മണിയോടെ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തുകടന്ന് വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്തു നിന്ന് പണം എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടല്‍ തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.