മുഖ്യമന്ത്രി സാമുഹിക വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ഉത്തര്‍പ്രദേശ്. ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും സമൂഹ വിവാഹ പദ്ധതി പാവപ്പെട്ടവര്‍ക്ക് വലിയൊരു പിന്തുണയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യക്ഷേമ വകുപ്പിന്റെ അവലോകന യോഗത്തില്‍, പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി പ്രകാരം അര്‍ഹരായ നവദമ്പതികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 51,000-ല്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ തുകയില്‍ 60,000 രൂപ വധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും, അതേസമയം 25,000 രൂപ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകള്‍ക്കായി അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ യോഗി നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയുടെ നില വിലയിരുത്തിയ യോഗി, അര്‍ഹരായ ഒരു മുതിര്‍ന്ന പൗരനും പെന്‍ഷന്‍ നിഷേധിക്കരുതെന്ന് നിര്‍ദ്ദേശിച്ചു.