+

2025ൽ 9 രാജ്യങ്ങൾ കൂടി ഔദ്യോഗികമായി ബ്രിക്സിൽ പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ച് റഷ്യ

2025ൽ 9 രാജ്യങ്ങൾ കൂടി ഔദ്യോഗികമായി ബ്രിക്സിൽ പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ച് റഷ്യ

2025 ജനുവരിയിൽ 9 രാജ്യങ്ങൾ കൂടി ഔദ്യോഗികമായി ബ്രിക്സിൽ പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ച് റഷ്യ. തങ്ങളുടേതിന് സമാനമായ ആശയം വെച്ചുപുലർത്തുന്നവരാണ് ഈ രാഷ്ട്രങ്ങളെന്ന് റഷ്യ പറയുന്നു. ഒക്ടോബറിൽ കസാനിൽ റഷ്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയിലാണ് ‘പങ്കാളി രാജ്യം’ എന്ന ആശയം അംഗീകരിക്കപ്പെട്ടത്. കൂടാതെ 30-ലധികം രാജ്യങ്ങൾ സംഘടനയിൽ ചേരാൻ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഒരു രാജ്യം ബ്രിക്‌സിൽ അംഗത്വം എടുത്താൽ തുടർന്നുവരുന്ന എല്ലാ ഉച്ചകോടികളിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങളിലെയും പ്രത്യേക സെഷനുകളിലും മറ്റ് ഉന്നതതല പരിപാടികളിലും സ്ഥിരമായി പങ്കെടുക്കാം.

ബെലാറസ്, ബൊളീവിയ, ഇന്തോനേഷ്യ, കസാഖ്സ്ഥാൻ, തായ്ലൻഡ്, ക്യൂബ, ഉഗാണ്ട, മലേഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ജനുവരി 1 മുതൽ ഔദ്യോഗികമായി ബ്രിക്സ് പങ്കാളികളാകുമെന്ന് തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ റഷ്യൻ പ്രസിഡൻഷ്യൽ എയ്ഡ് യൂറി ഉഷാക്കോവ് പറഞ്ഞു. തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെട്ട ബ്രിക്സ്, ഈ വർഷം ആദ്യം ഈജിപ്ത്, ഇറാൻ, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെ ഉൾപ്പെടുത്തി സഖ്യം വിപുലീകരിച്ചു. അതേസമയം, പൂർണ്ണ അംഗമാകുന്നതിന് ആവശ്യമായ ”ആഭ്യന്തര നടപടിക്രമങ്ങൾ” ഇതുവരെ പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ സൗദി അറേബ്യ ബ്രിക്സിൽ ചേരുന്നതിനുള്ള പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് യൂറി ഉഷാക്കോവ് പറയുന്നു.

facebook twitter