വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സാദിഖ് അലി തങ്ങള്‍

06:09 AM Nov 03, 2025 | Suchithra Sivadas

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങള്‍. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ മതിയെന്ന് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം ആളുകളെ ഉപയോഗിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് ഒപ്പം വേദി പങ്കിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് സാദിഖ് അലി തങ്ങള്‍ മറുപടി നല്‍കിയത്. നേരത്തെ, മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. 

അതേസമയം, സമസ്തയും ലീഗും എന്നും ഒറ്റക്കെട്ടാണെന്ന് സാദിഖ് അലി തങ്ങള്‍ പറഞ്ഞു.


അപസ്വരങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതെല്ലാം ചര്‍ച്ചയിലൂടെ തീരുമാനമാക്കും. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും തങ്ങള്‍ പറഞ്ഞു. ദുബായില്‍ സമസ്ത വേദിയില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖ് അലി തങ്ങളും ഐക്യത്തിന് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രസംഗിച്ചത്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഓരോ ഇടപെടലും ആദര്‍ശ ബന്ധിതമാകണമെന്ന് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. ഒരാളെ ഉയര്‍ത്താന്‍ മറ്റൊരാളെ താഴ്ത്തി പറയരുതെന്നും, ഭിന്നിപ്പിന്റെ സ്വരങ്ങള്‍ ഉണ്ടാകരുതെന്ന് ജിഫ്രി തങ്ങളും ആഹ്വാനം ചെയ്തു. ലീഗ് - സമസ്ത രമ്യത ശ്രമങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളും ഒരേ വേദിയില്‍ എത്തിയത്.