ആശുപത്രി വിട്ട സെയ്ഫ് ആദ്യം അന്വേഷിച്ചത് ഏലിയാമ്മയെ, സഹോദരനെ രക്ഷിച്ചതിന് നന്ദി പറഞ്ഞ് സബ അലി ഖാനും

06:15 AM Jan 23, 2025 | Suchithra Sivadas

മോഷ്ടാവിന്റെ കുത്തേറ്റ് മാരകമായി പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ട ശേഷം ആദ്യം അന്വേഷിച്ചത് തന്റെ വീട്ടുജോലിക്കാരിയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പിനെ. മോഷ്ടാവ് നടന്റെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ മക്കളെ അക്രമിയില്‍ നിന്ന് സംരക്ഷിച്ചത് ഏലിയാമ്മയായിരുന്നു. പിന്നീട് നടന് കുത്തേറ്റപ്പോള്‍ അത് തടയാന്‍ ശ്രമിച്ച ഏലിയാമ്മയ്ക്കും പരിക്കേറ്റിരുന്നു. നടന്റെ കുട്ടികളുടെ കെയര്‍ ടേക്കറാണ് ഏലിയാമ്മ.


അതേസമയം നടനെ പ്രതിയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ചതിന് വീട്ടുജോലിക്കാരോട് നന്ദി പറഞ്ഞ് നടന്റെ സഹോദരി സബ അലി ഖാനും രംഗത്തെത്തി. വീട്ടുജോലിക്കാര്‍ക്കൊപ്പമുളള ഫോട്ടോ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സബയുടെ പ്രതികരണം. ആരും പാടിപ്പുകഴ്ത്താത്തവര്‍ എന്നാണ് സബ ഇവരെ വിശേഷിപ്പിച്ചത്.

'സമയോചിതമായി ധൈര്യത്തോടെ ഇടപെട്ട രണ്ടുപേര്‍ക്കും നന്ദി. ആരും പാടിപ്പുകഴ്ത്തപ്പെടാത്തവരാണ് നിങ്ങള്‍. എന്റെ സഹോദരനെയും കുടുംബത്തെയും ആപത്ത് വന്നപ്പോള്‍ സംരക്ഷിച്ചതിനു നന്ദി. നിങ്ങള്‍ അനുഗ്രഹിക്കപ്പെടട്ടെ. നിങ്ങള്‍ ഏറ്റവും മികച്ചവരാണ്,' സബ പറഞ്ഞു.