കറികളില്‍ ഉപ്പ് കൂടുമ്പോള്‍ ഉരുളക്കിഴങ്ങ് മുറിച്ചിട്ടാണ് എപ്പോഴും നമ്മള്‍ പരിഹാരം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇനി ആ വിദ്യ വേണ്ട. കറികളില്‍ ഉപ്പ് കൂടിയല്‍ കുറയ്ക്കാനുള്ള വിദ്യകളാണ് ഇനി പറയാന്‍ പോകുന്നത്.
ഉപ്പ് അമിതമായാല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. തേങ്ങ ചിരകി പാല്‍ പിഴിഞ്ഞെടുക്കാം. അല്ലെങ്കില്‍ തേങ്ങാപ്പാല്‍പ്പൊടി വെള്ളത്തില്‍ കലക്കിയും ചേര്‍ക്കാം. ഇത് കറിക്ക് കൂടുതല്‍ രുചി നല്‍കുകയും ഉപ്പിന്റെ അളവ് തുല്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഉപ്പ് കുറച്ചധികമായെന്നു തോന്നിയാല്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കാവുന്നതാണ്. എന്നാല്‍ എല്ലാ കറികള്‍ക്കും ഇത് സാധ്യമല്ല. അച്ചാറുകളിലും മറ്റും ശര്‍ക്കരപ്പൊടി ചേര്‍ക്കാരുണ്ട്.
കുറച്ചധികം കുറുകിയ കറിയാണെങ്കില്‍ അതിലേയ്ക്ക് അല്‍പം വെള്ളം ഒഴിക്കുന്നത് ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ഉപകാരപ്പെടും.
ചില കറികളില്‍ ഉപ്പ് കൂടിയാല്‍ ഗോതമ്പ് മാവ് വളരെ ചെറിയ ഉരുളകളാക്കി ചേര്‍ക്കാം. കറി തിളച്ചതിനു ശേഷം അത് നീക്കം ചെയ്താല്‍ മതിയാകും. മോര് പോലെയുള്ള കറികളിലാണ് ഉപ്പ് കൂടുന്നതെങ്കില്‍ കുറച്ച് തൈര് ചേര്‍ത്തു നോക്കൂ.
ചിക്കന്‍ കറി, മീന്‍ കറി എന്നിവയില്‍ ഉപ്പ് അധികമായി തോന്നിയാല്‍ ഒന്നോ രണ്ടോ തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ച് ചേര്‍ത്തു നോക്കൂ. തക്കാളി അമിതമായി ചേര്‍ക്കുന്നത് പുളി വര്‍ധിപ്പിക്കും. സവാള കട്ടി കുറച്ച് അരിഞ്ഞ് വഴറ്റിയെടുത്ത് കറിയില്‍ ചേര്‍ക്കുന്നത് അമിതമായി ഉപ്പ് രുചി കുറയ്ക്കാന്‍ ഏറെ പ്രയോജനപ്രദമാണ്