ഉപ്പ് അപകടകാരി..സൂക്ഷിച്ചില്ലെങ്കിൽ ജീവനെടുക്കും..

03:11 PM Feb 03, 2025 | Litty Peter

ഭക്ഷണത്തിൽ അൽപ്പം ഉപ്പു കുറഞ്ഞാൽ പോലും ഭാര്യയോടും അമ്മയോടുമൊക്കെ ദേഷ്യപ്പെടുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഉപ്പു കുറച്ചു ഇടുന്നവരോട് ദേഷ്യപ്പെടുകയല്ല നന്ദിപറയുകയാണ് വേണ്ടത്. കാരണം ഉപ്പു നിസ്സാരക്കാരനല്ല, അപകടകാരിയാണ്. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് മൂലം മരണപ്പെടുന്നവരുടെ എണ്ണം ഏകദേശം 1.89 ദശലക്ഷമാണ്. 

ശരീരത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 2000 മില്ലി ഗ്രാം വരെ ശരീരത്തില്‍ ചെല്ലുന്നതില്‍ പ്രശ്‌നമില്ല. അതായത് ഒരു ടീ സ്പൂണില്‍ താഴെ മാത്രം. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഉന്മേഷത്തെയും കരുത്തിനെയും ആശ്രയിച്ചാണ് അളവ് നിര്‍ദേശിക്കുന്നത്. അയഡിന്‍ ഉള്ള ഉപ്പ് ഉപയോഗിക്കുന്നത് തലച്ചോറിന്റെ ആരോഗ്യകരമായ വികാസത്തിന് ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

പേശികളുടെയും നാഡികളുടെയും സ്വാഭാവിക പ്രവര്‍ത്തനത്തിന് ശരീരത്തില്‍ സോഡിയം ആവശ്യമാണ്. ടേബിള്‍ സാള്‍ട്ട് എന്ന ഉപ്പിലാണ് ഇത് പൊതുവെ കണ്ടുവരുന്നത്. പാല്‍, മാംസാഹാരം മുതലായവയിലും ധാരാളം സോഡിയം കണ്ടുവരുന്നു. ശരീരത്തിന് അത്യന്താപേക്ഷിതമാണ് സോഡിയം എങ്കിലും ഇതിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമൃത്യു എന്നിവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ റിപ്പോര്‍ട്ടിലും അധികമായി സോഡിയം ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നും ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹൃദ്രോഗങ്ങളുള്ളവരുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക നമ്മളെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്. രുചി എത്ര മോശമായാലും ഉപ്പും മുളകും ഉണ്ടെങ്കില്‍ നമുക്ക് കഴിക്കാനാകും. സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ശരീരത്തില്‍ കൂടിയ അളവില്‍ ഉപ്പ് എത്തുന്നത് ഒഴിവാക്കുന്നതിനുള്ള പ്രധാനപ്പെട്ട മാര്‍ഗമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.