സംഗീത് പ്രതാപും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് അടുത്തിടെ നടന്നിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാം ചിത്രമാണിത്. സിനിമ റൊമാന്റിക് കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ഡിനോയ് പൗലോസാണ് സംവിധാനം. ഗോവിന്ദ് വസന്തയുടെ സംഗീതമാണ് സിനിമയുടെ അടുത്ത ഹൈലൈറ്റ്.
ചിത്രത്തിന്റെ കഥ കേൾക്കുമ്പോഴേ നായകൻ സംഗീത് പ്രതാപായിരുന്നു എന്ന് പറയുകയാണ് നിർമാതാവായ ആഷിഖ് ഉസ്മാൻ. നായികയെ കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് മമിത ബൈജുവിന്റെ പേര് ഉയർന്നുവന്നതെന്നും അദ്ദേഹം പറയുന്നു. മമിത അന്യ ഭാഷാ ചിത്രങ്ങളുടെയടക്കം തിരക്കിലായതിനാൽ അതെല്ലാം കഴിഞ്ഞ ശേഷം മാത്രമേ ഈ ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുകയുള്ളൂ എന്നും ആഷിഖ് ഉസ്മാൻ പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ പ്രതികരണം.
'ഒരു പക്കാ റോം കോം സിനിമയാണ് അത്. ഒരുപാട് ഹ്യൂമറും പ്രണയവും ഒക്കെയുള്ള സിനിമയായിരിക്കും. ആ സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ സംഗീത് ആയിരുന്നു നായകൻ. സിനിമയിൽ വളരെ ശക്തമായ കഥാപാത്രമാണ് മമിത ചെയ്യുന്നത്. നായികയെ ആര് അവതരിപ്പിക്കും എന്ന ചർച്ചയിൽ നിന്നാണ് മമിതയിലേക്ക് എത്തുന്നത്.
സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടമായിട്ടാണ് മമിത ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത്. അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല. കാരണം മമിത ഇപ്പോൾ അന്യഭാഷാ സിനിമകളുടെ തിരക്കിലാണ്. ഒപ്പം ഭാവന സ്റ്റുഡിയോസിന്റെ പുതിയ സിനിമയും ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞിട്ടാകും ഈ സിനിമയുടെ ഷൂട്ടിലേക്ക് കടക്കുക,' ആഷിഖ് ഉസ്മാൻ പറഞ്ഞു.
വിജയ്ക്കൊപ്പം ജനനായകൻ, രാക്ഷസൻ ടീമിന്റെ ഇരണ്ടു വാനം, പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്, സൂര്യ 46, ധനുഷ് 54 എന്നീ ചിത്രങ്ങളാണ് തമിഴിൽ മമിതയുടേതായി ഒരുങ്ങുന്നത്. നിവിൻ പോളിയെ നായകനാക്കി ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഗിരീഷ് എഡി ചിത്രത്തിലും മമിതയാണ് നായികയാകുന്നത്.