മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഹൃദയപൂർവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. ഓണം റിലീസായാണ് ഹൃദയപൂർവം തിയറ്ററിലെത്തുന്നത്. സത്യൻ അന്തിക്കാട് ആണ് സംവിധാനം. തുടരുമിന് ശേഷം മോഹൻലാലും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ആൻറണി പെരുമ്പാവൂരിൻറെ നേതൃത്വത്തിലുള്ള ആശീർവാദ് സിനിമാസ് ആണ് ഹൃദയപൂർവം നിർമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന കഥാപാത്രമാണ് മോഹൻലാലിൻറേതെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപ് ബാലകൃഷ്‍ണൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിൻറെ പേര്.
എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹൻലാല്- സത്യൻ അന്തിക്കാട് കോമ്പോയിലെത്തുന്ന സിനിമ കൂടിയാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുമ്പോൾ വരുന്നത് ഒരു ഫൺ മോഡ് സിനിമയാണ്. നടി സംഗീതയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോനു ടിപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
അതേസമയം, തുടരും ആണ് മോഹൻലാലിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ഷൺമുഖൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ നായികയായത് ശോഭന ആയിരുന്നു. കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ സിനിമ കൂടിയാണ് തുടരും. ആഗോളതലത്തിലും മിന്നും പ്രകടനം തുടരും കാഴ്ചവച്ചിരുന്നു.