നടി സംഗീത ബിജ്‌ലാനിയുടെ പൂനെയിലെ ഫാം ഹൗസിൽ മോഷണം

02:35 PM Jul 20, 2025 | Neha Nair

നടി സംഗീത ബിജ്‌ലാനിയുടെ ഫാം ഹൗസിൽ മോഷണം. പൂനെ മാവലിലുള്ള ഫാം ഹൗസിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾ ടിവി സെറ്റും വീട്ടുപകരണങ്ങളും സിസിടിവികളും നശിപ്പിച്ചതായി നടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. നാല് മാസത്തിന് ശേഷം പവ്ന ഡാമിനടുത്തുള്ള ടിക്കോണ ഗ്രാമത്തിലെ ഫാം ഹൗസിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് നടി പൊലീസിനെ അറിയിച്ചു.

അച്ഛന്റെ അനാരോഗ്യം കാരണം ഏറെക്കാലമായി ഫാം ഹൗസ് സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച സഹായികൾക്കൊപ്പം മാവലിലെ ഫാം ഹൗസിൽ എത്തുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ പ്രധാന വാതിലും ജനൽ ഗ്രില്ലുകളും തകർന്ന നിലയിൽ കണ്ടതായി നടി പൂനെ റൂറൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

‘രണ്ട് വീട്ടുജോലിക്കാരികൾക്കൊപ്പം ഫാം ഹൗസിൽ പോയിരുന്നു. അവിടെയെത്തിയപ്പോൾ പ്രധാന വാതിൽ തകർത്തിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. അകത്ത് കടന്നപ്പോൾ ജനൽ കമ്പികൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഒരു ടെലിവിഷൻ കാണാതാവുകയും മറ്റൊന്ന് തകർന്ന നിലയിലുമായിരുന്നു’, സംഗീത പറഞ്ഞു. മുകളിലത്തെ നില പൂർണ്ണമായും അലങ്കോലമാക്കിയിരുന്നു. എല്ലാ കട്ടിലുകളും തകർത്തു. കൂടാതെ നിരവധി വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Trending :