ദുബായ്: ഏഷ്യാ കപ്പ് 2025ല്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി, ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിന് ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ പിന്തുണ. ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോടക്, സഞ്ജു സാംസണ്‍ മധ്യനിരയില്‍ (നമ്പര്‍ 5 അല്ലെങ്കില്‍ 6) ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് സ്ഥിരീകരിച്ചു.
സഞ്ജു നമ്പര്‍ 5-6 നമ്പറില്‍ സ്ഥിരമായി ബാറ്റ് ചെയ്തിട്ടില്ല, പക്ഷേ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്തോഷവാനാണെന്ന് കോടക് ദുബായിലെ ഐസിസി അക്കാദമിയില്‍ നടന്ന ടീം ഇന്ത്യയുടെ പരിശീലന സെഷന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അവസാന ഇലവനെക്കുറിച്ച് ടീം മാനേജ്‌മെന്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പേസര്‍ ആര്‍ഷ്ദീപ് സിങിന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, കോടക് വ്യക്തമാക്കി: പിച്ചിന്റെ സ്വഭാവം പരിശോധിച്ച ശേഷമേ അന്തിമ ഇലവന്‍ തീരുമാനിക്കൂ. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. 15 പേര്‍ക്കും കളിക്കാനുള്ള കഴിവുണ്ട്. കോച്ചിന്റെയും ക്യാപ്റ്റന്റെയും തീരുമാനമാണ് പ്രധാനം.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശത്തെക്കുറിച്ച് സംസാരിക്കവെ, 'ഞങ്ങള്‍ ഇവിടെ കളിക്കാനാണ് വന്നിരിക്കുന്നത്, മത്സരക്ഷമതയോടെ കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഓപ്പണര്‍മാര്‍ക്ക് ശേഷം എല്ലാ ബാറ്റര്‍മാരും മികവുള്ളവരാണ്. എല്ലാവരും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. ശിവം ദുബെക്ക് നാല് ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിവുണ്ട്. ഞങ്ങളുടെ ടീമില്‍ ഒന്നിലധികം ഫിനിഷര്‍മാരും ഉണ്ട്. ശിവം, ഹാര്‍ദിക്, അക്‌സര്‍ എന്നിവര്‍ക്ക് ഏത് ബൗളിങ് ആക്രമണത്തെയും നേരിടാന്‍ കഴിയും. മൂന്നോ നാലോ ഫിനിഷര്‍മാര്‍ ടീമിലുള്ളത് മികച്ച കാര്യമാണ്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, യുഎഇയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് പാകിസ്ഥാനെതിരായ മത്സരത്തിനെത്തുന്നത്. മധ്യനിരയില്‍ സഞ്ജു സാംസണിന് നിര്‍ണായക റോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നേരത്തെ സഞ്ജുവിനെ കഴിവില്ലെന്നും, ഒതുക്കുകയാണെന്നുമൊക്കെയുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് വ്യക്തമായ മറുപടിയാണ് ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്.