പത്തനംതിട്ട: മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്ക് ഡ്യൂട്ടിക്കായി 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു.
മകരജ്യോതി ദർശനത്തിന് ഭക്തർ കയറുന്ന ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. മണ്ഡല മകരവിളക്ക് സീസണിൽ നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ചുമതല നിർവഹിച്ചതെന്നും ശബരിമല സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നും പുറപ്പെടും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷമാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുക.
ഘോഷയാത്ര ജനുവരി 14ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടർന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ വെച്ച് ഘോഷയാത്രയെ ദേവസ്വം പ്രതിനിധികൾ ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.