+

എത്ര കഷ്ടപ്പെട്ടിട്ടാകും ആ സംവിധായകര്‍ സുരേഷ് ഗോപിയെ അടക്കി നിര്‍ത്തിയിട്ടുണ്ടാവുക, സൂക്ഷിച്ചു നോക്കിയാല്‍ ചോര കുടിക്കുന്ന പോലുള്ള മുഖവും കൂര്‍ത്തുവരുന്ന ദംഷ്ട്രകളും നഖങ്ങളും കാണാമെന്ന് ശാരദക്കുട്ടി

മാധ്യമങ്ങളോട് തട്ടിക്കയറുന്നത് ശീലമാക്കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി.

കൊച്ചി: മാധ്യമങ്ങളോട് തട്ടിക്കയറുന്നത് ശീലമാക്കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. ഒതുക്കമുള്ള കഥാപാത്രങ്ങളായി അഭിനയിക്കാന്‍ സംവിധായകര്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും. പാവമായ വെറും രണ്ടാമൂഴക്കാരന്‍ ഭീമന്‍, ദുശ്ശാസനവധസമയത്ത്, രൗദ്രഭീമനാകുമ്പോള്‍ വരുത്തുന്ന ചില ഭാവമാറ്റങ്ങളെയാണ് സിനിമയില്‍ നിന്നിറങ്ങിയ സുരേഷ് ഗോപി ഓര്‍മ്മിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

എനിക്ക് പത്മരാജന്‍, ഹരിഹരന്‍, ഫാസില്‍,  തുടങ്ങിയ സംവിധായകരോട് ആദരവ് കൂടിയിട്ടുണ്ട്.

'ഇന്നലെ', 'ഒരു വടക്കന്‍ വീരഗാഥ', 'മണിച്ചിത്രത്താഴ്', എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളില്‍ ഈ സുരേഷ് ഗോപിയെ അവരെത്ര കഷ്ടപ്പെട്ടിട്ടാകും ഇങ്ങനെ നിയന്ത്രിച്ചു നിര്‍ത്തിയത്  

ഇത്ര നാളും സുരേഷ് ഗോപിയുടെ കഴിവാണ് ഒതുക്കമുള്ള ആ കഥാപാത്രങ്ങളില്‍ കണ്ടതെന്നായിരുന്നു എന്റെ ധാരണ. തീര്‍ച്ചയായും അത് എന്റെ പിഴ : എന്റെ വലിയ പിഴ.  എന്തൊരു പാവത്തരമായിരുന്നു ആ നരേന്ദ്രന്റെയും ആരോമല്‍ച്ചേകവരുടെയും നകുലേട്ടന്റെയും മുഖത്ത്. എന്തു സുന്ദരനായിരുന്നു ! എത്ര സൗമ്യനായിരുന്നു !
പാവമായ വെറും രണ്ടാമൂഴക്കാരന്‍ ഭീമന്‍, ദുശ്ശാസനവധസമയത്ത്, രൗദ്രഭീമനാകുമ്പോള്‍  വരുത്തുന്ന ചില ഭാവമാറ്റങ്ങളെയാണ് സിനിമയില്‍ നിന്നിറങ്ങിയ  സുരേഷ് ഗോപി   ഓര്‍മ്മിപ്പിക്കുന്നത്.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ചോരകുടിക്കുന്നതു പോലെയുള്ള ആ മുഖവും കൂര്‍ത്തു വരുന്ന ദംഷ്ട്രകളും നഖങ്ങളും. ഗോഗ്വാ വിളികളും  അലര്‍ച്ചകളുമോ അതു തന്നെ.
 കഥകളിയിലെ ചുവന്നതാടി വേഷക്കാരനാകേണ്ടിയിരുന്ന ആളാണ്. വഴി തെറ്റി സിനിമയിലെത്തിയതാണ്. പുരികക്കൊടിയും ചൊടിയും അഷ്ടകലാശവും ഒക്കെ അസ്സലാകുന്നുണ്ട്. ഈ മോശം താരതമ്യത്തിന് സാത്വികരായ ആ കഥകളി ആചാര്യന്മാര്‍ ക്ഷമിക്കട്ടെ എന്നോട്.

വടിയെടുക്കുന്ന സംവിധായകനും തിരക്കഥാകൃത്തിനും മാത്രമേ അദ്ദേഹത്തെ നിയന്ത്രിക്കാനാകൂ. ബിജെപിയില്‍ മികച്ച  സംവിധായകരോ തിരക്കഥാകൃത്തുക്കളോ ഇല്ലാത്തതു കൊണ്ടാണ് ഈ അഴിഞ്ഞാട്ടമൊക്കെ നടക്കുന്നത്.

 

facebook twitter