മലയാളികളുടെ പ്രിയപ്പെട്ട നിവിൻ പോളി – അജു വർഗ്ഗീസ് കോംമ്പോ ഒന്നിക്കുന്ന പത്താമത്തെ ചിത്രമായ ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. ഫാന്റസി കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് മുമ്പ് കാണാത്തൊരു വേഷപ്പകർച്ചയിലാണ് ഈ താരജോഡിയെ അവതരിപ്പിക്കുന്നത്.
സെക്കന്റ് ലുക്ക് പോസ്റ്ററിൽ ചിരിയോടെ കൂടെ നിൽക്കുന്ന നിവിൻ പോളിയെയും അജു വർഗ്ഗീസിനെയും കാണാം. ഇത് ചിത്രത്തിന്റെ കോമിക് സ്വഭാവത്തിന് ഊന്നൽ നൽകുന്നു. കൂടാതെ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. “സർവ്വം മായ തന്നെ! അല്ലേ അളിയാ!” എന്ന അടിക്കുറിപ്പോടെ നിവിൻ പോളി പോസ്റ്റർ പങ്കുവെച്ചപ്പോൾ, “അതേ അളിയാ” എന്ന് അജു വർഗ്ഗീസ് കമന്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസന്റെ ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളിയും അജു വർഗ്ഗീസും മലയാള സിനിമയിലേക്ക് എത്തുന്നത്. ‘മലർവാടി ആർട്സ് ക്ലബ്ബി’ലെ പ്രകാശനും കുട്ടുവുമായി തുടങ്ങിയ ഇവരുടെ സൗഹൃദം കഴിഞ്ഞ 15 വർഷമായി മലയാള സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കാലയളവിനിടെ പത്ത് ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്.
‘മലർവാടി ആർട്സ് ക്ലബ്ബ്’ മുതൽ ‘സാറ്റർഡേ നൈറ്റ്’ വരെയുള്ള ഇവരുടെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർക്ക് ചിരിയും കുടുംബ പ്രേക്ഷകർക്ക് മികച്ച വിനോദവും നൽകി. ‘തട്ടത്തിൻ മറയത്തി’ലെ വിനോദും അബുവും, ‘ഓം ശാന്തി ഓശാന’യിലെ പ്രസാദ് വർക്കിയും ഡേവിഡ് കാഞ്ഞാണിയും, ‘ഒരു വടക്കൻ സെൽഫി’യിലെ ഉമേഷും ഷാജിയും,’ലവ് ആക്ഷൻ ഡ്രാമ’യിലെ ദിനേശനും വസിഷ്ട്ടും എന്നിങ്ങനെ ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്. ഇവരുടെ അഭിനയമികവും സ്ക്രീനിലെ കെമിസ്ട്രിയുമാണ് ഏത് പ്രായത്തിലുള്ളവരെയും ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്.