അഖില്‍ മാരാര്‍ നായകനായ 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തി. ആദ്യദിവസം തന്നെ ചിത്രം തീയേറ്ററില്‍ കാണാന്‍ അഖില്‍ മാരാര്‍ എത്തിയിരുന്നു. ചിത്രം കണ്ടശേഷം അഖില്‍ മാരാറിന്റെ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സിനിമയ്ക്ക് തീയേറ്ററില്‍ കൈയടി ലഭിച്ചിരുന്നെന്നും അതുകേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.
'ആക്ഷന്‍ ഒക്കെ നന്നായി വന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. അവസാനത്തെ 20 മിനിറ്റ് ഓക്കേയാണോ, ഞാന്‍ ബാക്കിയൊന്നും ചോദിക്കുന്നില്ല. അവസാനത്തെ 20 മിനിറ്റ് തീയേറ്ററില്‍നിന്ന് ഇറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തിയുണ്ടല്ലോ. അങ്ങനെയാണ് എനിക്ക് തോന്നിയത്. ഞാന്‍ പലരേയും ശ്രദ്ധിച്ചിരുന്നു', യൂട്യൂബ് ചാനലുകളുടെ ചോദ്യത്തിന് മറുപടിയായി അഖില്‍ പറഞ്ഞു.
'കൈയടിയൊക്കെയുണ്ടായിരുന്നു. അതുകേട്ടപ്പോള്‍ സന്തോഷം തോന്നി. തീയേറ്ററില്‍ കൈയടികിട്ടുന്നത് വലിയ കാര്യമാണ്. വളരേ ചെറിയ ബജറ്റില്‍ ചെയ്ത സിനിമയാണിത്. കുറച്ചൂടെ ആളുകള്‍ കാണുന്ന അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും വന്നാല്‍ വലിയ പടമായി മാറുമായിരുന്നു', അഖില്‍ കൂട്ടിച്ചേര്‍ത്തു.
ജോജു ജോര്‍ജ് നായകനായ 'ഒരു താത്വിക അവലോകനം' ആണ് അഖില്‍ മാരാര്‍ സംവിധാനംചെയ്ത സിനിമ. ആദ്യമായാണ് അഭിനയത്തില്‍ പരീക്ഷണം. സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ചു ബാബു ജോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'.