കേരളത്തിൽ മുസ്‍ലിം ജനസംഖ്യ വർധിച്ചാൽ എന്താണ് കുഴപ്പമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. അച്യുതാനന്ദൻ മുതൽ വെള്ളാപ്പള്ളി നടേശൻ വരെയുള്ള സകല സെക്കുലർ മുഖങ്ങളും ഇടക്കിടെ കേരളത്തെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് മുസ്‌ലിം ജനസംഖ്യ വർധിക്കുന്നു എന്നത്. എന്നാൽ ഇടശ്ശേരി ഗോവിന്ദൻ നായർ, വി.ടി. ഭട്ടതിരിപ്പാട്, ബാലാമണിയമ്മ, ഉറൂബ് (പി. സി. കുഞ്ഞിരാമൻ നായർ), വള്ളത്തോൾ നാരായണമേനോൻ, ഇ.എം. എസ് നമ്പൂതിരിപ്പാട്, എം. ഗോവിന്ദൻ, സി രാധാകൃഷ്ണൻ, എം ടി വാസുദേവൻ നായർ.... തുടങ്ങിയ എത്ര സാംസ്കാരിക നായകന്മാരും സാഹിത്യകാരന്മാരുമാണ് ഇന്നത്തെ മലപ്പുറം ജില്ലയിലും പഴയ പൊന്നാനി താലൂക്കിലുമായി വളർന്നുവന്നതും ജ്വലിച്ചു നിന്നതും. മലബാറിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ, കേരളം മുഴുവൻ മുസ്‌ലിം ഭൂരിപക്ഷം ആയാലും ഈ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. പിന്നെ എന്തിനാണ് ഈ ഭീഷണിയെന്നുമാണ് സത്താർ പന്തല്ലൂർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മുസ്‌ലിം ജനസംഖ്യ ഭൂരിപക്ഷമായാൽ എന്താണ് കുഴപ്പം?
വിഎസ് അച്യുതാനന്ദൻ മുതൽ വെള്ളാപ്പള്ളി നടേശൻ വരെയുള്ള സകല സോ കാൾഡ് സെക്കുലർ മുഖങ്ങളും ഇടയ്ക്കിടെ കേരളത്തെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നു എന്നത്. മുസ്‌ലിംകൾ ഇവിടെ ഭൂരിപക്ഷം ആകാൻ പോകുന്നു എന്ന് പറഞ്ഞാണ് ഇവർ ഹൈന്ദവ- ക്രൈസ്തവ സമൂഹത്തെ പേടിപ്പിക്കുന്നത്. നിലവിലെ ജനസംഖ്യ വർദ്ധനവിന്റെ കണക്ക് പരിശോധിച്ചാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞാൽ പോലും സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞാണ് ഇവർ ഇങ്ങനെ അന്തരീക്ഷം മലിനമാക്കുന്നത്. ഇതു പറയുന്നവർക്കും കേൾക്കുന്നവർക്കുമെല്ലാം അറിയാം. എന്നിട്ടും ഇടയ്ക്കിടെ അവർഭൂരിപക്ഷ സമൂഹത്തിനിടയിൽ ആശങ്കയുടെ വാളു ചുഴറ്റുകയാണ്.
ഇനി ഇവർ പറയുന്നത് പോലെ, മുസ്‌ലിം ജനസംഖ്യ ഇവിടെ ഭൂരിപക്ഷമായാൽ എന്താണ് കുഴപ്പം? മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ഭൂരിപക്ഷം ആയിട്ട് എന്തു കുഴപ്പമാണ് ഉണ്ടായതെന്ന് മലപ്പുറത്തെ ഹിന്ദുക്കളോട് വെള്ളാപ്പള്ളി ചോദിച്ചു നോക്കൂ. ഇടശ്ശേരി ഗോവിന്ദൻ നായർ, വി.ടി. ഭട്ടതിരിപ്പാട്, ബാലാമണിയമ്മ, ഉറൂബ് (പി. സി. കുഞ്ഞിരാമൻ നായർ), വള്ളത്തോൾ നാരായണമേനോൻ, ഇ.എം. എസ് നമ്പൂതിരിപ്പാട്, എം. ഗോവിന്ദൻ, സി രാധാകൃഷ്ണൻ, എം ടി വാസുദേവൻ നായർ.... തുടങ്ങിയ എത്ര സാംസ്കാരിക നായകന്മാരും സാഹിത്യകാരന്മാരുമാണ് ഇന്നത്തെ മലപ്പുറം ജില്ലയിലും പഴയ പൊന്നാനി താലൂക്കിലുമായി വളർന്നുവന്നതും ജ്വലിച്ചു നിന്നതും. മലബാറിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ, കേരളം മുഴുവൻ മുസ്‌ലിം ഭൂരിപക്ഷം ആയാലും ഈ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. പിന്നെ എന്തിനാണ് ഈ ഭീഷണി?
800 വർഷം മുസ്ലിം രാജാക്കന്മാരും സുൽത്താൻമാരും ഇന്ത്യ ഒന്നടങ്കം ഭരിച്ചു. എന്നിട്ട് പോലും ഈ രാജ്യം ഒരിക്കലും മുസ്‌ലിം ഭൂരിപക്ഷം ആയിട്ടില്ല. ആക്കാൻ അവർ ശ്രമിച്ചിട്ടുമില്ല. അക്കാലം മാറി. ഹിന്ദുത്വവാദികൾ അടക്കിഭരിക്കുന്ന ഭാരതമായി ഇന്ത്യ മാറി. ഈ സമയത്തും മുസ്‌ലിംകൾ ഇതാ ഭൂരിപക്ഷമാകുന്നേ എന്ന് ഒരു ജാതി സംഘടന നേതാവ് നില വിളിച്ചു പറയുന്നുവെങ്കിൽ, അതിന്റെ സൂക്കേട് വേറെയാണ്. ഇത്തരം വർഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂ.