തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിൻറെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’ നടി ഉർവശിക്ക്. 40 വർഷത്തിലേറെയായി അഭിനയ രംഗത്തുള്ള ഉർവശി മലയാള സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സംവിധായകരായ പി.ടി. കുഞ്ഞുമുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
50,000 രൂപയും പ്രത്യേകം രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ ഒമ്പതിന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കേരള കൾചറൽ ഫോറം പ്രസിഡന്റ് ജോൺ മനോഹറും ജനറൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസും അറിയിച്ചു.
അതേസമയം, ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിക്ക് ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിയും പാർവതിയും മികച്ച നടിക്കുള്ള പരിഗണന പട്ടികയിലുമുണ്ടായിരുന്നു. മുമ്പ് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലെ അഭിനയത്തിനും ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. രണ്ട് തവണയും വനിത രാഷ്ട്രപതിമാരിൽ നിന്നാണ് പുരസ്കാരം ലഭിച്ചത്.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ഈ വർഷം മലയാള സിനിമക്ക് അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. വിജയരാഘവനാണ് മികച്ച സഹനടൻ. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചത്.