കഴിഞ്ഞ മാസം ബ്രിട്ടനില്‍ കൊല്ലപ്പെട്ട സൗദി സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥി മുഹമ്മദ് അല്‍ഖാസിമിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ചാസ് കോറിഗനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, പൊതുസ്ഥലത്ത് മൂര്‍ച്ചയുള്ള ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍. പ്രധാന പ്രതി തിങ്കളാഴ്ച ബ്രിട്ടനിലെ കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടേണ്ടിവരും. ഈ സമയത്ത് പ്രതിക്ക് കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. മറ്റ് രണ്ട് കൂട്ടുപ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
ആഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച വൈകീട്ട് കേംബ്രിഡ്ജില്‍ 10 ആഴ്ചത്തെ പഠന അസൈന്‍മെന്റില്‍ ആയിരിക്കെ ക്യാമ്പസിനകത്തെ പാര്‍ക്കില്‍ വെച്ചാണ് മുഹമ്മദ് അല്‍ഖാസിം കുത്തേറ്റു മരിക്കുന്നത്. മക്കയില്‍ നിന്നുള്ള 20 വയസ്സുള്ള മുഹമ്മദ് അല്‍ഖാസിം, കഴുത്തില്‍ 11.5 സെന്റീമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതിനെ തുടര്‍ന്നാണ് തല്‍ക്ഷണം മരിച്ചത്. പിന്നീട് മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരികയും മക്ക മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷം മക്കയില്‍ ഖബറടക്കുകയും ചെയ്തിരുന്നു.